ഓണം പൊടിപൊടിച്ചു. ആഘോഷങ്ങളും. കൊയ്ത്തിന്റെയും മണ്ണിന്റെയും ഉത്സവത്തിൽ മണ്ണും മനുഷ്യരും തമ്മിലുള്ള ദൂരം വല്ലാതെ വർധിക്കുന്നത് നിസഹായതയോടെ നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. ഈ ഓണത്തിന് എന്നെ ഏറ്റവും അധികം ചിന്തിപ്പിച്ച ഒരു വിഷയം പ്ലാസ്റ്റിക് ആണ്.
മാനവരാശിയുടെ ചരിത്രംതന്നെ തിരുത്തിക്കുറിച്ച കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് പ്ലാസ്റ്റിക് എന്ന് നിസംശയം പറയാം. ശാസ്ത്രത്തിന്റെ വളർച്ച മനുഷ്യന് നൽകിയ ഒരു മികച്ച സംഭാവന തന്നെയാണ് പ്ലാസ്റ്റിക് . സർവവ്യാപിയായ പ്ലാസ്റ്റിക്കും ഓണവും തമ്മിൽ എന്ത് എന്ന് ആലോചിച്ച് വിഷമിക്കുന്ന പ്രിയ വായനക്കാരോട് - പ്ലാസ്റ്റിക്കില്ലാതെ നമുക്ക് എന്ത് ഓണം?
പൂക്കളങ്ങൾക്ക് നമ്മൾ പ്രധാനമായും തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും എത്തിയ പൂക്കളെ ആശ്രയിച്ചെങ്കിലും അലങ്കാരത്തിന് പ്ലാസ്റ്റിക് പൂക്കൾതന്നെ അരങ്ങുവാണു. മണമില്ലെങ്കിലെന്ത്? പല നിറങ്ങളിലും വലുപ്പത്തിലും അണിനിരന്ന് അവ നമ്മെയാകെ പുളകമണിയിച്ചു. മുല്ലപ്പൂവിന്റെ വില ക്രമാതീതമായി ഉയർന്നതുകൊണ്ടും ആവശ്യത്തിന് ലഭ്യമല്ലാതിരുന്നതുകൊണ്ടും തലയിൽ പ്ലാസ്റ്റിക് മുല്ലപ്പൂ തിരുകിയാണ് പല മലയാളി മങ്കമാരും ഒരുക്കം പൂർത്തിയാക്കിയത്. മണത്തിലല്ല, ലുക്കിലാണ് കാര്യം.
ഇനി ഓണസദ്യയിലേക്ക്. വാഴയില നമുക്ക് മസ്റ്റ് ആണല്ലോ. കിട്ടാനില്ലാത്തവർ പേപ്പറിലയിലും പ്ലാസ്റ്റിക്കിലയിലുമായി കാര്യം സാധിച്ചു. നാട്ടിൽ അങ്ങോളമിങ്ങോളം തിരുവോണ സദ്യ പാഴ്സലിൽ ലഭ്യമായിരുന്നു.
വിഭവങ്ങൾ ഓരോന്നും ഓരോ പ്ലാസ്റ്റിക് കവറുകളിൽ അണിഞ്ഞൊരുങ്ങിയാണ് എത്തിയത്. അങ്ങനെ എത്രയെത്ര പാഴ്സലുകൾ! എത്രയെത്ര പ്ലാസ്റ്റിക്കുകൾ! ഇതിനൊക്കെ പുറമേയാണ് നാം തിന്നുതീർത്ത ഉപ്പേരിയുടെയും ശർക്കര വരട്ടിയുടെയും എണ്ണിയാലൊടുങ്ങാത്ത കവറുകൾ. പായസമുണ്ടാക്കാൻ വാങ്ങിയ പാലിന്റെ കവറുകളും പുതിയ റിക്കാർഡ് സൃഷ്ടിച്ചിട്ടുണ്ടാവും. പലചരക്കുകടകളിൽനിന്നു മാത്രം ഈ ഓണക്കാലത്ത് നമ്മൾ വീട്ടിലെത്തിച്ച പ്ലാസ്റ്റിക്ക് കവറുകളുടെ എണ്ണമൊന്നെടുക്കുന്നത് നന്നായിരിക്കും.
ഇനി ഓണക്കോടി. കടകളിൽ നേരിട്ട് ചെന്ന് തുണി വാങ്ങിയവർ ഒന്നോ രണ്ടോ പ്ലാസ്റ്റിക് കൂടിൽ ഒതുങ്ങിയെങ്കിലും കൂണുപോലെ മുളച്ചുപൊന്തിയ ഓൺലൈൻ വസ്ത്ര-ആഭരണ വ്യാപാരശാലകളിൽനിന്ന് സാധനങ്ങൾ വാങ്ങിയ ലക്ഷോപലക്ഷം ആളുകൾ എല്ലാം കൂടി എത്രയധികം പ്ലാസ്റ്റിക് മാലിന്യമാവും സൃഷ്ടിച്ചിട്ടുണ്ടാവുക? പാക്കേജിങ്ങിന്റെ കാര്യത്തിൽ വാങ്ങുന്നവരും വിൽക്കുന്നവരും വിട്ടുവീഴ്ചയ്ക്ക് തയാറല്ലാത്തതുകൊണ്ടുതന്നെ രണ്ടോ മൂന്നോ അതിലധികമോ പ്ലാസ്റ്റിക് കവചങ്ങൾ ആണ് ഓരോ ചെറിയ സാധനങ്ങൾക്കുവരെയും ഉപയോഗിച്ചത്.
ഓണക്കളികൾ, സമ്മാനങ്ങൾ, ഓഫർ പെരുമഴയിൽ നാം വാങ്ങിത്തീർത്ത ഗൃഹോപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും... ഓരോ ഇനത്തിലും എത്രയധികം പ്ലാസ്റ്റിക് മാലിന്യമാവും നാം സൃഷ്ടിച്ചിട്ടുണ്ടാവുക.
പ്ലാസ്റ്റിക് മാലിന്യ സംസ്കരണം മാറിമാറി വരുന്ന സർക്കാരുകൾക്കും കീറാമുട്ടിയായി അവശേഷിക്കുന്നു. പ്ലാസ്റ്റിക് സംഭരണത്തിലെയും വർഗീകരണത്തിലെയും അശാസ്ത്രീയതയും പുനരുപയോഗ പ്രക്രിയയിലെ പരിമിതികളും പ്ലാസ്റ്റിക്കിന് ഒരു വില്ലൻ പരിവേഷം നൽകുകയാണ്.
ദിനംപ്രതി രൂപപ്പെടുന്ന ഈ മാലിന്യക്കൂമ്പാരങ്ങൾക്ക് മുമ്പിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് നാം പലപ്പോഴും. പ്ലാസ്റ്റിക് കത്തിക്കുക എന്ന എളുപ്പവഴി നാം തെരഞ്ഞെടുക്കുമ്പോൾ അത് സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതങ്ങളെ അത്ര നിസാരമായി തള്ളിക്കളയാനാവില്ല.
ശുദ്ധവായു എന്നത് കിട്ടാക്കനിയാവുന്ന ഇന്നിന്റെ സാമൂഹിക പരിതസ്ഥിതിയിൽ സഹജീവികളെ കരുതിയെങ്കിലും വായുമലിനീകരണ പ്രവൃത്തികൾ നാം ഒഴിവാക്കേണ്ടതാണ്. മനുഷ്യശരീരത്തിൽപോലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഉണ്ടെന്ന വാർത്ത നമ്മുടെ സജീവ ശ്രദ്ധയർഹിക്കുന്നു. സമുദ്രങ്ങൾക്കും അവയിലെ ആവാസവ്യവസ്ഥകൾക്കും പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന ഭീഷണി ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഗൗരവമേറിയ ഒരു വിഷയമാണ്.
ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളെയും നമുക്ക് ഇതിനോട് ചേർത്തുവായിക്കാം.
നമ്മുടെ ആഘോഷങ്ങൾ സൃഷ്ടിക്കുന്ന ഭീമമായ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചാൽ, ഒരു പ്ലാസ്റ്റിക് കവർ എങ്കിലും കുറച്ചു വാങ്ങിക്കാൻ തീരുമാനിച്ചാൽ, മണ്ണിൽനിന്ന് നമ്മളിലേക്കുള്ള അകലം ഒരു തരിയെങ്കിലും കുറയ്ക്കാൻ നമുക്കാവില്ലേ? ക്രിസ്മസ്-ന്യൂ ഇയർ വിപണി ഉടൻതന്നെ സജീവമാകും. ഓൺലൈൻ സ്റ്റോറുകൾ ഇതിനകംതന്നെ കച്ചവടം ആരംഭിച്ചുകഴിഞ്ഞു. നമ്മളിൽ പലരുടെയും കാർട്ടിലും ഇതിനകം ഒന്നിലേറെ വസ്തുക്കൾ സ്ഥാനം പിടിച്ചിട്ടുണ്ടാവും. പ്ലാസ്റ്റിക് പുൽക്കൂടും പ്ലാസ്റ്റിക് ക്രിസ്മസ് ട്രീയും പ്ലാസ്റ്റിക് അലങ്കാരങ്ങളും... ആഘോഷത്തിന് കുറവുണ്ടാകരുതല്ലോ!